Wednesday, 30 June 2021

ഐസ് ക്രീം

 രാത്രി 10 മണി.


എന്റെ ഫോണിലേക്ക് ഒരു കോൾ. എടുത്തു നോക്കിയപ്പോൾ മുളങ്കാട് റിസോർട്ട് മുതലാളി ഷെഫീഖ് ആണ് വിളിക്കുന്നത്.

ഞാൻ: ഹലോ ഷെഫീഖ്. എന്തുണ്ട് വിശേഷം.

ഷെഫീഖ്: ഹലോ ഇക്ക. പടച്ചോന്റെ കൃപയാൽ എല്ലാം സുഖമായി പോവുന്നു. ഇക്കയ്ക് സുഖാണോ?

ഞാൻ: എന്റെ മോനെ ചോദിക്കല്ലേ, ലോക്ക്ഡൗൺ ആയതിൽ പിന്നെ ഓട്ടം കിട്ടിയിട്ടില്ല... ഒരു ഹോസ്പിറ്റൽ ട്രിപ്പ് പോലുമില്ല... നിങ്ങളുടെ റിസോർട്ടിൽ എങ്ങനെയാ കാര്യങ്ങൾ? ആരേലുമുണ്ടോ?

ഷെഫീ: ഇല്ല ഇക്ക. ആകെ വല്ലാത്ത അവസ്ഥ. അല്ല നിങ്ങള് നാളെ ഫ്രീ ആണോ?

ഞാൻ: ചുമ്മായിരിക്കുന്ന എനിക്കെന്തു പണി? എന്തു പറ്റി?

ഷെഫീ: നാളെയൊരു ട്രിപ്പ് പോണം. ആറ്റിങ്ങൽ വരെ. പോവാമോ?

ഞാൻ: പിന്നെന്താ.. എപ്പോൾ പോണം?

ഷെഫീ: വൈകുന്നേരം 4 മണിക്ക്.

ഞാൻ: ഓക്കെ. ഞാൻ വീട്ടിൽ വന്നാൽ മതിയോ?

ഷെഫീ: മതി ഇക്ക.

ഞാൻ: ഓക്കെ ടാ. അപ്പോൾ നാളെ കാണാം. Good Night.

ഷെഫീ: ഓക്കെ ഇക്ക. ഖുദാ ഹാഫിസ്.

എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. 3 മാസമായി ഒരു നല്ല ട്രിപ്പ് കിട്ടിയിട്ട്. ഇതിപ്പോ ആറ്റിങ്ങൽ... ചെറിയ ട്രിപ്പ് ആണെങ്കിലും ഇത്തിരി ചില്ലറ തടയും. അങ്ങനെ ആ സന്തോഷത്തിൽ ഞാൻ ഉറങ്ങാൻ പോയി..

ഷെഫീഖിന്റേത് ഒരു വലിയ കുടുംബമാണ്. ഉപ്പയും ഉമ്മയും പിന്നെ ഷെഫീഖ് ഉൾപ്പടെയുള്ള 8 മക്കളും. മക്കളിൽ മൂത്തത് മൂന്നും ആണുങ്ങളും, പിന്നെയുള്ള അഞ്ചെണ്ണം പെണ്ണുങ്ങളും. ഷെഫീഖ് മൂന്നാമത്തെയാളാണ്. മൂത്ത മകൻ കെട്ടിയതാണ്. ബാക്കിയെല്ലാം സിങ്കിൾ പസങ്ക. ഗൾഫിൽ ജോലി ചെയ്യുന്നവരും, പഠിക്കുന്നവരുമൊക്കെയാണ് ഷെഫീയുടെ സഹോദരങ്ങൾ. അവൻ മാത്രം ഉപ്പയുടെ റിസോർട്ട് നോക്കി നടത്തുന്നു. അവരുടെ റിസോർട്ടിന്റെ ഓട്ടം മുഴുവൻ കൈകാര്യം ചെയ്യുന്നത് ഞാനാണ്. റിസോർട്ടിന്റെ മാത്രമല്ല, കുടുംബത്തിന്റെ ഏത് ട്രിപ്പ് ആണെങ്കിലും അതിപ്പോ ഉപ്പയെയും ഉമ്മയെയും ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ ആണെങ്കിലും, ബന്ധുക്കളുടെ വീട്ടിലേക്ക് പോവാൻ ആണെങ്കിലും എല്ലാം ഞാനാണ് കൊണ്ടു പോവുന്നത്. പിന്നെ എനിക്കും ഷെഫീഖിനും ഇഷ്ടപ്പെട്ട പരിപാടിയാണ് ഭക്ഷണം. വ്യത്യസ്ത ആഹാരം തേടി മാത്രം ഞങ്ങൾ യാത്ര ചെയ്തിട്ടുണ്ട്..  അതുകൊണ്ടു തന്നെ ബിസിനെസ്സ് എന്നതിലുപരി നല്ലൊരു ആത്മബന്ധവും ഞങ്ങൾക്കിടയിലുണ്ട്.

അങ്ങനെ പിറ്റേ ദിവസമായി.
ഓട്ടം ഉള്ളത് കൊണ്ട് അന്നൊന്ന് കുളിക്കാൻ തീരുമാനിച്ചു.. ലോക്ക്ഡൗൺ ആയതിൽ പിന്നെ ആ പരിപാടി കുറവാണ്‌.. കുളിച്ചാലും വീട്ടിൽ തന്നെയാണല്ലോ.. പിന്നെ ഭാര്യ അവളുടെ വീട്ടിൽ ലോക്ക്ഡൗൻ തുടങ്ങുന്നതിന് മുൻപേ പോയി അവിടെ ലോക്കായത് കൊണ്ടു, കുളി എന്നത് കഴിഞ്ഞ കുറച്ചു നാളുകളായി ഇല്ല താനും... അങ്ങനെ, കുളിച്ചു കൊണ്ടിരിക്കുമ്പോഴാ ഓർത്തത്‌ മുടിയും താടിയും വെട്ടിയിട്ടില്ല..  അതിൽ തന്നെ തലയിലെ നടുക്കണ്ടം വരണ്ടു കിടക്കുവാണ്.. ആകെ പിന്നാമ്പുറത്ത് മാത്രമേയുള്ളൂ മുടി.. താടി ആണെങ്കിൽ വെളുപ്പും കറുപ്പുമായി ഒരാവശ്യവുമില്ലാതെ വളർന്നു പന്തലിച്ചു കിടക്കുന്നു..ആകെ മൊത്തം ഒരു കാടൻ കഷണ്ടി ലുക്ക്.. ഈയൊരു കാടൻ ലുക്ക് കാരണമാണ് രണ്ടാഴ്ച്ച മുൻപ് റേഷൻ കടയിൽ പോയപ്പോൾ പോലീസ് പൊക്കിയതും. ആഹാ, എന്നാൽ പിന്നെ ലുക്ക് മാറ്റാം.. ഒരു വെറൈറ്റി പിടിക്കാം. പിന്നെയൊന്നും നോക്കിയില്ല. കൈയിൽ കിട്ടിയ റേസർ കൊണ്ട് ഒരു പിടി പിടിച്ചു. നല്ല അസ്സൽ French Beard style... അങ്ങനെ കണ്ണാടിയിൽ സൗന്ദര്യം ആസ്വദിക്കുമ്പോഴാ മീശ ലെവൽ അല്ല എന്ന് ശ്രദ്ധിച്ചത്.. ഇപ്പോ ശരിയാക്കാം.. കത്രിക എടുത്ത് ലെവൽ ആക്കി.. അപ്പോഴാ മീശയുടെ മറ്റേ അറ്റം തെറ്റിപിരിഞ്ഞിരിക്കുവാണെന്ന് മനസ്സിലായത്. വീണ്ടും കട്ടിങ്ങ്.. അങ്ങനെ ലെവൽ ചെയ്ത് ലെവൽ ചെയ്ത് മീശയുടെ സ്ഥാനത്ത് ഒന്നുമില്ല... ഇസ്തിരി പെട്ടി എന്ന് മാധവൻ നായർ പറഞ്ഞത് പോലെ.. ആകെ മൊത്തം ശൂന്യത...

ശേ!! നശിപ്പിച്ച്! ഇതായിരുന്നു ലുക്ക് കണ്ട കുടുംബക്കാരുടെ പ്രതികരണം.

എങ്കിലും ഞാൻ തളർന്നില്ല.. മാസ്കിടുന്നവർക്ക് മീശയൊരു അലങ്കാരമല്ല എന്ന മുദ്രാവാക്യം വിളിച്ച് കൊണ്ട് ഞാനിറങ്ങി.. ഷെഫീയുടെ വീട്ടിലേക്ക്..

4 മണിക്ക് വീടെത്തി. വീട്ടിൽ ചെന്ന് കോളിംഗ് ബെല്ലടിച്ചു.

ബെൽ കേട്ടപ്പോൾ ഉപ്പ വാതിൽ തുറന്നു പുറത്തിറങ്ങി വന്നു.

ഉപ്പ: ഹാ, അസ്സലാമു അലൈക്കും. സുഖല്ലേ?

ഞാൻ: വ അലൈക്കും ഉസ്‌ലാം.. സുഖം ഉപ്പ. ഉപ്പയ്ക്കോ?

ഉപ്പ: പടച്ചോന്റെ കൃപയിൽ അല്ലലില്ലാതെ പോണു.

ഞാൻ: ഉം.. ഉപ്പാ, ഷെഫീ വരാൻ പറഞ്ഞിരുന്നു. എവിടെയോ പോവാൻ ഉണ്ടെന്ന് പറഞ്ഞിരുന്നു..

ഉപ്പ: ഹാ അത് ഞങ്ങക്ക് ഒരു വീട്ടിൽ പോണം. ഒരു ചെറ്യേ പെണ്ണ് കാണൽ ചടങ്ങ്.

ഞാൻ: ഓ ശരി ഉപ്പ.. ആരൊക്കെയുണ്ട് പോവാൻ?

ഉപ്പ: ഞാനും സുഹ്റയും കുട്ട്യോളും.

അപ്പോഴേക്കും ഉമ്മ(സുഹ്‌റ) പുറത്തേക്കിറങ്ങി വന്നു, കൂടെ അവരുടെ 5 പെൺകുട്ടികളും..

ശിവനേ, 7 പേരാ?

5 പേർ പോവുന്ന എന്റെകാറിൽ 7 പേരുമായി പോകുന്നത് പോലീസ് കണ്ടാൽ അവർ പൊക്കും. ദൈവമേ, കാത്തോളണേ.. വഴിയിലെവിടെയും പോലീസ് ഉണ്ടാവല്ലേ) ഇതും മനസ്സിൽ പറഞ്ഞു ഞാൻ വണ്ടിയെടുത്തു.

അര മണിക്കൂർ യാത്ര. ആരുടെയൊക്കെയൊ ഭാഗ്യം കൊണ്ട് പോലീസ് പിടിക്കാതെ ലക്ഷ്യ സ്ഥാനത്തെത്തി. പെണ്ണ് വീടെത്തിയതും അവിടത്തെ വീട്ടുകാർ വന്നു കൈ കഴുകാൻ സാനിറ്റൈസറും, കുടിക്കാൻ മഞ്ഞൾ കലക്കിയ നാരങ്ങാ വെള്ളവും തന്നു. പെണ്ണിന്റെ ഉപ്പ പുറത്തെവിടെയോ ഒരത്യാവശ്യം കാരണം പോയിരുന്നു. വരാൻ 10 മിനിറ്റാവും എന്ന് അവർ ഫോണിൽ വിളിച്ചപ്പോൾ പുള്ളിക്കാരൻ പറയുന്നുണ്ടായിരുന്നു. കുറച്ചു നേരം അവർ വീടിന്റെ പുറത്ത് തന്നെ കാത്ത് നിന്നു.. പിന്നെ പെണ്ണിന്റെ ഉമ്മയുടെ നിർബന്ധപ്രകാരം എല്ലാവരും വീട്ടിനുള്ളിലേക്ക് കയറി. ഞാൻ പക്ഷേ കാറിനുള്ളിൽ തന്നെ ഇരുന്നു. 2 മിനിറ്റ് കഴിഞ്ഞപ്പോൾ വീട്ടിനുള്ളിൽ നിന്ന് ഒരു പ്രായമായ സ്ത്രീ വന്ന് എന്നെയും വീട്ടിലേക്ക് വരാൻ ക്ഷണിച്ചു. ഒട്ടും അമാന്തിക്കാതെ വീട്ടിൽ നിന്ന് വരുന്ന ചിക്കന്റെ മണത്തിൽ ആകൃഷ്ടനായി ഞാനും കയറി.. വീട്ടിൽ കയറി ഒരിത്തിരി നേരം കഴിഞ്ഞപ്പോൾ പെണ്ണിന്റെ ഉപ്പയും വന്നു.. വന്ന് കയറിയ പുള്ളിക്കാരൻ ഷെഫീയുടെ ഉപ്പയെ കെട്ടിപിടിച്ചു കുശലം ചോദിച്ചു, എന്നിട്ട് എന്റെ നേർക്ക് തിരിഞ്ഞു.

ഷെഫീയുടെ ഉപ്പ: ഇത് ഷെഫീയുടെ സുഹൃത്താണ്. ചേട്ടനെ പോലെയാണ് അവന്.

പെണ്ണിന്റെ ഉപ്പ: യാ അല്ലാഹ്.. ഇങ്ങൾ വരൂന്ന് പറഞ്ഞില്ലായിരുന്നു ഇവര്.. എനിക്ക് കണ്ണിനും ചെവിക്കും ലേശം വയ്യായ്ക ഉണ്ട്.. അതിച്ചിരി കൂടി ഇന്ന് രാവിലെ.. ഡോക്ടറെ കാണാൻ പോയിട്ട് ഇപ്പൊ എത്തിയതേയുള്ളു.. ഷെഫീഖ് എന്തേ വരാത്തെ?

ഞാൻ: അത് പിന്നെ അവനെന്തോ ജോലിത്തിരക്കുണ്ട് എന്ന് പറഞ്ഞിരുന്നു.

പെണ്ണിന്റെ ഉപ്പ: ആഹ് അവൻ ഇവിടെ വരാറുണ്ട് ഇടയ്ക്കൊക്കെ. നസീമ(പെണ്ണ്)യുടെ ചേച്ചിയും ഓനും ഒന്നിച്ച പഠിച്ചത്.

ഞാൻ: അതു ശരി. (അപ്പോൾ അതാണ് ഈ ആലോചനയുടെ രഹസ്യം)

പെണ്ണിന്റെ ഉപ്പ: പിന്നെ മോനെ, വീട്ടിൽ എല്ലാർക്കും സുഖല്ലേ?

ഞാൻ: അതേ ഉപ്പ. എല്ലാർക്കും സുഖം. ഇവിടെയോ?

പെണ്ണിന്റെ ഉപ്പ: യാ അല്ലാഹ്.. പടച്ചോൻ കനിഞ്ഞു സുഖം. വാ, ഇനി കഴിച്ചിട്ടാവാം സംസാരം.

അപ്പോഴാ ഞാൻ ശ്രദ്ധിച്ചത്. വീട്ടിലെ സ്ത്രീ ജനങ്ങളൊക്കെ അകത്തുള്ള ഡൈനിങ് മുറിയിലാണ് ഇരിക്കുന്നത്. വരാന്തയിൽ ഞാനും ഷെഫീയുടെ ഉപ്പയും, പെണ്ണിന്റെ ഉപ്പയും, പെണ്ണിന്റെ 2 ആങ്ങളമാരും മാത്രം. കൊറോണക്കാലമായത് കൊണ്ടു വേറെയാരും വന്നിട്ടില്ല.

അങ്ങനെ പെണ്ണിന്റെ ഉപ്പ ഞങ്ങളെ ഡൈനിങ്ങ് റൂമിലേക്ക് കൊണ്ട് പോയി. ഇതിനിടയിൽ ആ 5 പെണ്ണുങ്ങളുടെ ഇടയിൽ ചിരിച്ചു കൊണ്ടൊരു മുഖവും കണ്ടു. ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ തിളക്കം കണ്ടപ്പോൾ തന്നെ മനസ്സിലായി അതാണ് കഥാനായിക എന്ന്. പൊറോട്ടയ്ക്ക് വേണ്ടി പിടിവലി കൂട്ടുന്നത് പോലെ ആ 5 എണ്ണവും കൂടി ആ കുട്ടിയുടെ രണ്ട് കൈയും കൂടി ഇങ്ങോട്ട് ഇങ്ങോട്ടു എന്ന് വലിക്കുകയായിരുന്നു.

ആ മുറിയിലേക്ക് ഞങ്ങൾ കയറിയപ്പോൾ ഒരു നിമിഷം അവരെല്ലാം ഒന്നു നിശ്ശബ്ദരായി. പിന്നെ വീണ്ടും പിള്ളേര് പിടിച്ചു വലിക്കാൻ തുടങ്ങി. എന്നിട്ട് എന്തൊക്കെയോ തമാശയൊക്കെ ആ പെണ്ണിന്റെ കാതിൽ പറഞ്ഞു ചിരിക്കുകയായിരുന്നു. അതൊക്കെ കേട്ട് അവൾ നാണിച്ചു ചിരിക്കുന്നുണ്ടായിയുന്നു.. അത് പിന്നെ കല്യാണം നടക്കുമ്പോഴുള്ള സ്ഥിരം കാഴ്ച്ചയാണല്ലോ അത്.

ഹാ, കണ്ടില്ലേ ഓൾടെ നാണം എന്ന് പറഞ്ഞു അവളുടെ ഉപ്പ എന്റെ തോളത്തൊരു കുഞ്ഞു അടി. എല്ലാവരും ചിരിച്ചു, അവനും ചിരിച്ചു.

പെണ്ണുങ്ങളെല്ലാം ഒരു ടേബിളിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നു.. ആണുങ്ങൾക്ക് മറ്റൊരു ടേബിളും ശരിയാക്കി ഇട്ടിട്ടുണ്ട്.

മോനെ ഇരിക്ക് എന്നു ഷെഫീയുടെ ഉമ്മ പറഞ്ഞപ്പോൾ അത് പറഞ്ഞു തീർക്കുന്നതിന് മുൻപേ തന്നെ ഞാൻ ഒരു കസേരയിൽ കയറി ഇരുന്നു.

ആദ്യം ഇടിയപ്പവും, ബീഫ് കറിയും, പിന്നെ പൊറോട്ട, ചിക്കൻ ഫ്രൈ, ചപ്പാത്തി, കോഴിക്കറി, മീൻ പൊരിച്ചത്, ഓരപ്പം, ചക്കയപ്പം, മാങ്ങ അങ്ങനെ ജ്വല്ലറി ഷോപ്പ് കണ്ടു മഞ്ഞളിച്ച നിൽക്കുന്ന ചില പെണ്ണുങ്ങളെ പോലെ ഞാനതും നോക്കി നിന്നു.. എന്നോടാരൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു പക്ഷേ ഫുഡ് കണ്ടാൽ പിന്നെ ചുറ്റിലുമുള്ളതൊന്നും കാണാനും കേൾക്കാനും പറ്റില്ല..  അങ്ങനെ ഒരുവിധം യുദ്ധം നിർത്തി 1 പഴവും കഴിച്ചു കൈ കഴുകി വരാന്തയിലേക്ക് വന്നു ഇരുന്നു.. ഒരു ഐസ്ക്രീമും കൂടിയുണ്ടെങ്കിൽ പൊളിച്ചേനെ എന്ന് മനസ്സിൽ പറഞ്ഞതും, അകത്ത് നിന്ന് പെണ്ണിന്റെ ചേച്ചി ഒരു ഐസ്ക്രീമും കൊണ്ടു വന്നു."സോറി, നേരത്തെ തരാൻ വിട്ട് പോയി എന്നൊരു മാപ്പപേക്ഷയും."

മാപ്പിനേക്കാൾ മുൻപ് ഞാൻ ആ ഐസ്‌ക്രീം സ്വീകരിച്ചു എന്നിട്ട്, "It's okay" എന്നൊരു ഡയലോഗും.

അതിന്റെ മൂടി തുറന്ന് ആ പ്ലാസ്റ്റിക്ക് spoon എടുത്തു തണുത്തറച്ചിരിക്കുന്ന ആ ഐസ്ക്രീമിലേക്ക് ഇട്ട് അതിൽ നിന്ന് ചെറിയൊരു സ്‌കൂപ്പെടുത്ത്
വായിലേക്ക് വച്ചപ്പോൾ തന്നെ പെണ്ണിന്റെ ഉപ്പയുടെ ചോദ്യം, "നേരിട്ട് പെണ്ണിനെ കാണുന്നത് ആദ്യമായിട്ടല്ലേ? പെണ്ണിനെ ഇഷ്ടപ്പെട്ടോ?"

ഒരു നിമിഷം പകച്ചു പോയ ഞാൻ, "പെണ്ണിനെ ഇഷ്ടപ്പെട്ടോ എന്ന് എന്നോടാണോ ചോദിച്ചത്?"

പെണ്ണിന്റെ ഉപ്പ, "പിന്നല്ലാതെ.. ഞങ്ങൾക്കിഷ്ടപ്പെട്ടാൽ പോരല്ലോ. നിങ്ങളല്ലേ കെട്ടേണ്ടത്".

ഇത് കേട്ട് എല്ലാ പെണ്ണുങ്ങളും ഓടി വരാന്തയിലേക്ക് വന്നു. കഥയിലെ പെണ്ണായിരുന്നു ഏറ്റവും മുന്നിൽ നിന്നത്. അവളെന്നെയും നോക്കി, 5 പെണ്ണുങ്ങളെയും നോക്കി അങ്ങനെ നിൽക്കുവാണ്.

നിശബ്ദത.. എന്റെ കൈയിലിരിക്കുന്ന ഐസ്‌ക്രീം അലിഞ്ഞുരുകുന്ന ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ...

പെട്ടെന്ന് ഷെഫീയുടെ ഉപ്പ, "ഹാ നിങ്ങളിതെന്താ പറയുന്നത്. ഇവനെന്തിനാ കല്യാണപ്പെണ്ണിനെ ഇഷ്ടപ്പെടുന്നത്?"

പെണ്ണിന്റെ ഉപ്പ, "അതിപ്പോ അവരല്ലേ ഒന്നിച്ചു ജീവിക്കേണ്ടത്. അപ്പോൾ അവർക്ക് നേരിട്ട് കണ്ടു ഇഷ്ടപ്പെടുന്നതല്ലേ നല്ലത്".

ഒരു കൈയിൽ ഐസ്ക്രീമും രണ്ട് വശത്തും അവന്റെ കല്യാണക്കാര്യം സംസാരിക്കുന്നവരും ഒന്നും മനസ്സിലാവാതെ എന്നെ തുറിച്ചു നോക്കുന്ന കല്യാണപ്പെണ്ണും, പിന്നെ ബാക്കിയുള്ളവരും ആകെ അന്ധാളിച്ചു നിൽക്കുവാണ്.

ആഹാരം കണ്ടപ്പോൾ പോയ സ്വബോധം വീണ്ടെടുത്ത് ഞാൻ പെണ്ണിന്റെ ഉപ്പയോട് ചോദിച്ചു,"ഉപ്പ ഞാനെന്തിനാ പെണ്ണിനെ ഇഷ്ടപ്പെടുന്നത്? ഞാൻ അല്ലല്ലോ കെട്ടുന്നത്. എന്റെ കല്യാണം കഴിഞ്ഞതാണ്"

പെണ്ണിന്റെ ഉപ്പ,"ങേ അപ്പോ നീയേതാ? നീയല്ലേ ഷെഫീഖിന്റെ ചേട്ടൻ എന്ന് പറഞ്ഞത്"

ഞാൻ: ഞാനോ?? ഞാനതിനൊന്നും പറഞ്ഞില്ലല്ലോ.

ഷെഫീയുടെ ഉപ്പ, "ന്റെ റബ്ബേ, ഇവൻ രാജീവ്. ഷെഫീഖിന്റെ സുഹൃത്ത്. അവന്റെ ചേട്ടനെ പോലെയാണ് പക്ഷേ ചേട്ടനല്ല. കല്യാണ ചെക്കൻ അവന്റെ രണ്ടാമത്തെ ചേട്ടനാണ്‌.. റാഫി.. അവൻ വന്നിട്ടില്ല. ഗൾഫിൽ അല്ലെ...ലീവ് കിട്ടിയിട്ടില്ല. അല്ല, അവന്റെ ഫോട്ടോ ഒക്കെ കൊടുത്തു വിട്ടതാണല്ലോ നിങ്ങളൊന്നും കണ്ടില്ലേ????"

ഇത് കേട്ട് ഞെട്ടിയ ഞാൻ മനസ്സിൽ (ശിവനേ, അപ്പോൾ കല്യാണ ചെക്കൻ ഷെഫീഖ് അല്ലെ. അവന്റെ ചേട്ടനായിരുന്നോ.!!! ഭാഗ്യം, എങ്ങാനും എന്തേലും പറഞ്ഞാൽ നാണം കെട്ടേനെ.. ഇനിയിപ്പോ മിണ്ടാണ്ടിരിക്കാം)

"അയ്യോ നാണക്കേടായല്ലോ. എനിക്ക് കണ്ണിനും കാതിനും വയ്യായ്ക ഉള്ളത് കൊണ്ട് വ്യക്തമായി കാണാനും കേൾക്കാനും പറ്റില്ല ചിലപ്പോൾ. അതാ പറ്റിയത്... ക്ഷമിക്കണേ" എന്നും പറഞ്ഞു അവളുടെ ഉപ്പ അവന്റെ ഉപ്പയോട് മാപ്പൊക്കെ പറഞ്ഞു രമ്യതയിലെത്തി ചേർന്നു..

അപ്പോഴും ഈ പുലിവാല് മുഴുവനുണ്ടാക്കിയ എന്നെയും തുറിച്ചു നോക്കി നിൽക്കുകയായിരുന്നു പെണ്ണ്...

പാവം! നല്ലൊരു ദിവസം കുളമായ വിഷമത്തിൽ അവളും... കൈയിൽ കിട്ടിയ ഐസ്‌ക്രീം അലിഞ്ഞു പോയ വിഷമത്തിൽ ഞാനും.....

ഇനിയിപ്പോ കല്യാണത്തിന് വരുമ്പോൾ ഐസ്‌ക്രീം കഴിക്കാം... അല്ലെ!!

-----------------------------------------------------------------

No comments:

Post a Comment