Friday, 29 October 2021

ഒരു പുക ==="

 ഒരു പാർട്ടിക്കിടയിൽ:




ഏതോ ഒരുത്തൻ : ഡാ, നീ ഒരു മലയാളി അല്ലെ?


അവൻ: ങേ! അതെന്താ നിങ്ങൾ അങ്ങനെ ചോദിച്ചേ?


ലവൻ: അല്ല... വലിയും കുടിയുമൊന്നുമില്ലാത്ത ഒരുത്തൻ ആയതുകൊണ്ട് ചോദിച്ചതാണ്..


ലവൾ: അയ്യേ, നിനക്ക് വലിയും കുടിയുമൊന്നുമില്ലേ? Shame Shame !! നീയൊരു ആണ് തന്നെയാണോ? അയ്യേ.....!


അവൻ ചെറുതായി ചിരിച്ചു കൊണ്ട് പറഞ്ഞു: എനിക്കിതു രണ്ടും ഇഷ്ടമല്ല.. അതുകൊണ്ടു ഞാൻ ഇതൊന്നും ഉപയോഗിക്കാറില്ല .. പിന്നെ നിങ്ങൾക്ക് വേണേൽ ആയിക്കോ... എന്നെ നിർബന്ധിക്കണ്ട ... ഞാനിവിടെ വെറുതെ ഇരുന്നോളാം...


ലവൾ: അല്ലേലും  നിന്നെയൊക്കെ കമ്പനിക്ക് കൊണ്ട് വന്നവനെ തല്ലണം .. ആണുങ്ങളായാൽ ഒരിത്തിരി വലിയും കുടിയും പുല്ലും പൊടിയുമൊക്കെ വേണം.. അല്ലെങ്കിൽ പിന്നെ നീയൊക്കെ ഞാനഴിച്ചിട്ട പാവാട ഉടുത്തു നടന്നാൽ മതി...


അധികം ആളുകളോട് ഇടപെടാത്ത അവന് അത് വല്ലാത്തൊരു അടിയായി പോയി... വേറെയൊന്നും നോക്കിയില്ല.. എല്ലാവരും വലിച്ചു കയറ്റുന്ന ആ പുല്ലിന്റെ പുക അവനും വലിച്ചു കയറ്റി.. എന്നിട്ടും മതി വരാതെ കൈയിൽ കിട്ടിയ മദ്യക്കുപ്പി കുടിച്ചു തീർത്തു... ഉന്മാദം തലയ്ക്കു പിടിച്ചപ്പോൾ ആരോ നീട്ടിയ ഒരു സൂചിയും കൈയ്യിലേക്ക് കുത്തിക്കയറ്റി.. പിന്നീടവനൊന്നും ഓർമ്മയില്ല...


കണ്ണ് തുറന്നപ്പോൾ അവൻ പോലീസ് ജീപ്പിലാണ്... അവനൊന്നും മനസ്സിലായില്ല .. കൈ മുഴുവൻ ചോരയും കുപ്പിച്ചില്ലും... ഏതോ ഒരു ആണും പെണ്ണും മരിച്ചു എന്നൊക്കെ പോലീസുകാർ സംസാരിക്കുന്നതും അവനോടു ചോദിക്കുന്നതും അവന് മനസ്സിലായി... പക്ഷേ ആരെക്കുറിച്ചാണെന്നോ അത് അവനോടു എന്തിനാ ചോദിച്ചതെന്നോ അവനു മനസ്സിലായില്ല...


ആകെ ഓർമ്മയുള്ളതു ഇന്നലെ സുഹൃത്തിന്റെ കൂടെ അവന്റെ കൂട്ടുകാരിയുടെ വീട്ടിൽ പാർട്ടിക്ക് പോയതും പിന്നെ  ഇടയ്ക്ക് എപ്പോഴോ അവൾ അവൻ്റെ കാലിൽ വീണ് കരയുന്നതും... അവളെന്തിനായിരുന്നു കരഞ്ഞതെന്നും അവനു ഓർത്തെടുക്കാൻ പറ്റുന്നില്ലായിരുന്നു..... !!


"നീയെന്തിനാടാ പാവാട ഉടുത്തേക്കുന്നത്", എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ പകച്ച നിൽക്കാനേ അവനു സാധിച്ചുള്ളൂ... അവനും അറിയില്ല എന്തിനായിരുന്നു അതെന്നു... എല്ലാം ഒരു ഈഗോയിൽ തുടങ്ങിയതാണ്... എന്തിനൊക്കെയോ അട്ടഹസിച്ചതും, ആർത്തലച്ചു നിലവിളിച്ചതുമൊക്കെ ചെറുതായി ഓർമ്മയിൽ വരുന്നുണ്ടായിരുന്നു...


ആ അഹംഭാവത്തിൽ എന്തൊക്കെയോ സംഭവിച്ചു .... ഇനി ഒന്നുമില്ല.... എല്ലാം തീർന്നു.. അവന്റെ ജീവിതവും... അവരുടെ ജീവനും...

No comments:

Post a Comment