Saturday, 12 June 2021

സാഗരമേ സാക്ഷി

 കടലിന്റെ ഇരമ്പലും ഗന്ധവും പതുക്കെ ശിരസ്സിൽ നിന്നും ഹൃദയത്തിലേക്ക് നിറഞ്ഞു തുടങ്ങി. തൂലികയിൽ നിറച്ച മഷിക്ക് പതിയെ പതിയെ നിറമാറ്റം സംഭവിക്കാൻ തുടങ്ങി. ദൂരെയെങ്ങോ ഓരിയിടുന്ന നായകളും, രാവിന്റെ പാട്ടിന് സംഗീതം നൽകുന്ന പലതരം ജീവികളും അപ്പോഴേക്കും ആ രാവിനെ പകലാക്കിയിരുന്നു..


അതെ, നിറം മാറ്റം തുടരുന്നു. നീല മഷി ഇപ്പോൾ ചുവപ്പായി..ചുവപ്പ്, ചോരയുടെ ചുവപ്പ്. പണ്ടെങ്ങോ കണ്ടു മറന്ന ഒരുപാട് ബന്ധുക്കളുടെയും, ഇഷ്ട ജനങ്ങളുടെയും വാക്കിലൂടെ വന്നിരുന്ന ചുവപ്പ്‌ നിറഞ്ഞ  വാക്കുകൾക്ക് ഇന്ന് കരിക്കട്ടയുടെ നിറമാണ്. ഇനി അതാണോ വീണ്ടും നിറം മാറി ചുവപ്പായത്??

ആ ചോര എന്റെ ഹൃദയത്തിൽ നിന്ന്‌ പൊടിഞ്ഞത് തന്നെയാണ്. വർഷങ്ങൾക്ക് മുൻപ്, അവഗണനയുടെ മുൾക്കിരീടം അണിയിച്ചു കുത്തി മുറിവേല്പിച്ചു കൊന്ന ഒരുപാട് ഓർമ്മകൾക്കിന്ന് ജീവൻ വച്ചിരിക്കുന്നു. ആ മുറിവുകളിൽ നിന്നും ചോര പൊടിയുകയാണ്.

പ്രസവിക്കുമ്പോൾ ഉണ്ടാവുന്ന മുറിവ് പോലെ, ഒരു പെൺകുട്ടി ഋതുമതിയാവുമ്പോൾ ഒഴുകുന്ന ചോര പോലെ, അസ്തമിച്ച സ്വപ്നങ്ങൾക്ക് പുതിയ വെളിച്ചം വീശുന്നത് പോലെ, ഇരുൾ നിറഞ്ഞ തുരങ്കത്തിന്റെ അങ്ങേ തലയ്ക്കൽ പ്രതീക്ഷയുടെ ചെറിയൊരു വെളിച്ചം മനസ്സിലെങ്ങോ തെളിയുന്നത് പോലെ..

അല്ല, മനസ്സിന്റെ ഏകാന്തവസ്ഥയെ ഉദ്ദീപിപ്പിച്ച ആ കടലമ്മയുടെ കേളികളാണ് ഇതെല്ലാം. എങ്കിലും പൊടിയട്ടെ, ഇനിയും ആ മുറിവുകളിൽ നിന്നും ജീവനുള്ള ചുടുചോര ഒഴുകട്ടെ...

സാഗരമേ സാക്ഷി...

No comments:

Post a Comment