ഒരു മനുഷ്യ ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നാണ് മാതാപിതാക്കൾ.. എന്നാൽ അതിനേക്കാൾ ഭാഗ്യം ഉള്ളവർക്ക് ലഭിക്കുന്ന വരദാനമാണ് അമ്മൂമ്മയും അപ്പൂപ്പനും.. സ്നേഹത്തിന്റെ വറ്റാത്ത ഉറവായണവർ.. ജീവിതത്തിന്റെ സായാഹ്നത്തിൽ നിൽക്കുന്നവർ.. മനസ്സ് നിറയെ സ്നേഹവും കരുതലും വാത്സല്യവും മാത്രം.. ജീവിതത്തിന്റെ ഒഴിവു സമയം ചിലവഴിക്കാൻ സമ്മതിക്കാതെ കുസൃതിയുടെ കൂമ്പാരമായി നടക്കുന്ന പേരക്കുട്ടികളുടെ പുറകെ അതേ ഊർജ്ജത്തോടെ ഓടുകയും ചാടുകയും കളിക്കുന്ന മാലാഖമാർ...
സരോ:
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിരുന്നു എന്റെ അമ്മയുടെ അമ്മ... സരോജിനി... ഏതാണ്ട് 3 വയസ്സ് വരെ ഞാൻ ജീവിച്ചതും അമ്മൂമ്മയുടെ കൂടെയായിരുന്നു.. ഞാൻ അമ്മൂമ്മയെ വിളിച്ചിരുന്നതും അമ്മ എന്ന് തന്നെയായിരുന്നു... അമ്മൂമ്മയെ സരോ പേരെടുത്ത് വിളിക്കാനുള്ള അനുവാദവും എനിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത ഭാഗ്യം..
മരണവാർത്ത:
ആ അമ്മ നവംബർ 11ന് രാത്രി 10.20ന് ഈ ലോകം വെടിഞ്ഞു യാത്രയായി എന്ന് എന്റെ അമ്മ ഫോൺ വിളിച്ചു പറയുമ്പോൾ പ്രത്യേകിച്ചൊരു ഞെട്ടാലും ഇല്ലായിരുന്നു. കഴിഞ്ഞ മാർച്ചിൽ സ്ട്രോക്ക് വന്നതിൻമൂലം ശരീരം തളർന്ന് കിടക്കുകയായിരുന്നു.. മാമിയും അമ്മയും അപ്പുവും അമ്മുവുമൊക്കെയായിരുന്നു അമ്മയെ നോക്കിയിരുന്നത്.. ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടിയ നിമിഷങ്ങൾ, ജലപാനം ചെയ്യാൻ അനുഭവിച്ച വേദന, പരിചിത മുഖങ്ങളെ തിരിച്ചറിയാൻ കഴിയാതെ വിഷമിച്ച് നനഞ്ഞ നേത്രങ്ങൾ. കണ്ടു നിന്നവരുടെ ഹൃദയത്തെ പോലും തലർത്തുന്ന കാഴ്ച്ചകൾ.. 11ന് വൈകുന്നേരം മുതൽ അരയ്ക്കു കീഴ്‌പ്പോട്ടു തണുത്തുറഞ്ഞു തുടങ്ങിയപ്പോഴേ മരണം പ്രതീക്ഷിച്ചിരുന്നു.. അതുകൊണ്ടു തന്നെ, അമ്മയ്‌ക്ക് ലഭിച്ച ഭാഗ്യമാവാം ഈ മരണം.. കഷ്ടപ്പാടിൽ നിന്നും, ദുരിതക്കയത്തിൽ നിന്നും എന്നെന്നേയ്ക്കുമായൊരു രക്ഷപ്പെടൽ..
വാർത്ത അറിഞ്ഞതും ഞാനും അച്ഛനും വർക്കലയിൽ നിന്നും പുറപ്പെട്ടു.. ഞാൻ ജനിച്ച കോഴിക്കോട് വീട്ടിലേക്ക്.. 8 മണിക്കൂറോളം നീളുന്ന യാത്ര അന്ന് 6 മണിക്കൂർ കൊണ്ട് പൂർത്തിയായി... കുടുംബക്കാരിലെ തലമുതിർന്നവർ എല്ലാവരും ഉണ്ടായിരുന്നു അവിടെ.. അലമുറയോ, നിലവിളിയോ ഒന്നും ഇല്ല.. അടക്കി പിടിച്ച വിങ്ങലുകൾ തളം കെട്ടി കിടക്കുന്ന ശാന്തത മാത്രം..
അമ്മൂമ്മ കിടക്കുന്ന മുറിയിൽ ഒരു വെള്ള മുണ്ട് പുതപ്പിച്ച് അമ്മൂമ്മയെ കിടത്തിയേക്കുന്നു.. അടുത്തിരിക്കുന്ന അമ്മയുടെ വിങ്ങലിന്റെ നേർത്ത ശബ്ദം മാത്രം കേൾക്കാം.. ഒരിക്കൽ മാത്രമേ ഞാൻ മുഖങ്ങളിലേക്ക് നോക്കിയുള്ളൂ.. അപ്പോഴേക്കും എന്നിലെ ശക്തി ഒലിച്ചു പോയിരുന്നു.. നിലമില്ലാത്ത കായലിൽ ആടിയുലയുന്ന മനസ്സുമായു മാമി കരയാതെ കരഞ്ഞുകൊണ്ട് അടുക്കളയിൽ നിൽപ്പുണ്ടായിരുന്നു.. ആരോടും ഒന്നും പറയാൻ കഴിയാതെ, ആശ്വസിപ്പിക്കാൻ കഴിയാതെ ഞാവിടെയിരുന്നു.. മാമന്റെ മോൾ അമ്മു ഒരു കട്ടൻ ചായ കൊണ്ടു വന്നു.. കുട്ടിയായിരുന്നപ്പോൾ എനിക്ക് ആഹാരം വായയിൽ വച്ചു തന്നിരുന്നത് അമ്മൂമ്മയായിരുന്നു.. കൂടെ ജീരകമിട്ടു തിളപ്പിച്ച വെള്ളവും.. ചൂടുവെള്ളമല്ലാതെ ഒന്നും അമ്മ കുടിക്കാൻ സമ്മതിക്കില്ല.. അമ്മ അറിയാതെ ഫ്രിഡ്ജിൽ നിന്നു തണുത്ത വെള്ളം കുടിച്ചതിന് കിട്ടിയ അടിയുടെ രുചി ഇപ്പോഴുമുണ്ട് മനസ്സിൽ..
"അണ്ണാ, ചടങ്ങു തുടങ്ങാൻ സമയമുണ്ട്.. വണ്ടിയോടിച്ചു വന്ന ക്ഷീണമുണ്ടാവും.. ഇങ്ങള് കിടന്നോളീൻ" എന്ന് അപ്പു വന്നു പറഞ്ഞപ്പോൾ ഒന്നും തിരിച്ചു പറയാതെ പോയി കിടന്നുറങ്ങി.. മനസ്സു മുഴുവൻ അമ്മൂമ്മയുടെ ഓർമ്മകൾ തന്നെ..
ചടങ്ങ്:
9 മണി കഴിഞ്ഞപ്പോൾ എണീറ്റു.. ചടങ്ങുകൾ തുടങ്ങി..
ഞാനും മാമന്മാരും അപ്പുവും കൂടി അമ്മൂമ്മയെ കുളിപ്പിക്കാൻ കൊണ്ട് കിടത്തി.. മാമിമാർ വന്ന് കുളിപ്പിച്ചു.. കുട്ടിക്കാലത്ത് കുളിക്കാൻ നിൽക്കുമ്പോൾ വികൃതി കാണിച്ചതിന് അമ്മൂമ്മ പറഞ്ഞ വഴക്കുകൾ വീണ്ടും എന്റെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു.. കൂടെ ചിരിച്ചു കൊണ്ട് കുളിപ്പിച്ചു, തല തുവർത്തി മൂർദ്ധാവിൽ രാസ്നാദി പൊടിയിട്ട് തടവി പൗഡർ ഇട്ട്, മുടി ചീകി ഉമ്മറത്ത് കൊണ്ടിരുത്തുന്ന ഓർമ്മകൾ മനസ്സിലൂടെ മിന്നി മാറി...
കുളിപ്പിച്ചു കഴിഞ്ഞ അമ്മൂമ്മയെ വീടിന്റെ മുറ്റത്ത് കട്ടിലിൽ കിടത്തി..ഒരു നെടുനീളൻ തോർത്തു വിരിച്ചു അതിൽ അമ്മ.. അമ്മയ്ക്ക് പുതയ്ക്കാനായി ഒരു വെള്ള പുതപ്പും, ചുവന്ന പട്ടും..
ഏത് യാത്ര പോയാലും അണിഞ്ഞൊരുങ്ങിയെ പോകാവൂ.. കാരണം ആ യാത്രയിൽ നമ്മളെ കാണുന്നവർക്ക് അനിഷ്ടം ഉണ്ടാവാൻ പാടില്ല.. ഇതായിരുന്നു അമ്മൂമ്മയുടെ രീതി.. ഈ യാത്രയിലും ആ പതിവ് അമ്മ തെറ്റിച്ചില്ല.. സുന്ദരിയായി കിടക്കുന്ന അമ്മയെ അവസാനമായി കണ്ടു യാത്ര അയയ്ക്കാൻ എല്ലാരും വീണ്ടും വന്നു.. ചുണ്ടിലേക്ക് അൽപ്പം വെള്ളം ഇറ്റിച്ചു കൊടുത്തു. എന്നിട്ടു കുറച്ചു അരിയും തുളസിയിലയും കൈയിൽ പിടിച്ചു പ്രദക്ഷിണം വച്ചു വന്നു ആ കാലിൽ അർപ്പിച്ച് മാറി നിന്നു..
ശ്മശാനം:
അമ്മൂമ്മയുടെ മൃതദേഹവുമായി ഞങ്ങൾ ശ്മശാനത്തിലേക്കു തിരിച്ചു.. ഇഷ്ടികയിൽ പണിത ചിത.. നമ്മൾ സാധാരണ കാണുന്ന രീതിയിൽ അല്ല.. വിറകിന് പകരം തേങ്ങയുടെ തൊണ്ടായിരുന്നു നിറച്ചിരുന്നത്.. അതിലേക്ക് അമ്മൂമ്മയെ കിടത്തി.. അവിടത്തെ കാര്യക്കാരൻ ഞങ്ങളോട് അമ്മയെ വലം വച്ചു വരാൻ പറഞ്ഞു.. എന്നിട്ട് ഓരോരുത്തരോടും ഒരു തൊണ്ട് മാത്രം മൃതദേഹത്തിൽ വയ്ക്കാൻ പറഞ്ഞു.. രാമനാമം ജപിച്ചു ഞങ്ങളും അത് ചെയ്‌തു.. പിന്നീട് അമ്മയുടെ ശരീരത്തിന് മുകളിൽ തൊണ്ട് അടുക്കി വച്ചു.. അതോടെ അമ്മയുടെ മുഖവും മറയ്ക്കപ്പെട്ടു.. ആ തൊണ്ടിന് മുകളിൽ വൈക്കോൽ അടുക്കി വച്ചു.. ആ വൈക്കോലിന് മുകളിൽ ചളി ഒഴിച്ചു തേയ്ച്ചു അടച്ചു.. ആ ചളിയിൽ കാര്യക്കാരൻ തന്റെ വിരൽ കൊണ്ട് 3 കുഴികൾ ഉണ്ടാക്കി.. ദഹിപ്പിക്കാനായി ഉണ്ണി മാമനെ വിളിപ്പിച്ചു.. വിറ കൈയോടെ നിന്ന ഉണ്ണി മാമന്റെ കൈകളിലേക്ക് ആളികത്തുന്ന ചന്ദനത്തിരികൾ അയാൾ വച്ചു കൊടുത്തു.. പുറംതിരിഞ്ഞു നിന്നുകൊണ്ടു മാമൻ ആ ചിതയുടെ വലത് വശത്തുള്ള വലിയ ദ്വാരത്തിലേക്കു ചന്ദനത്തിരികൾ വച്ചു.. നെയ്യ് പുരട്ടി വച്ചിരുന്ന ആ തൊണ്ടുകൾ പതിയെ പുകയാൻ തുടങ്ങി.. അമ്മൂമ്മ യാത്രയായി...
ദേഹമിവിടെ ഉപേക്ഷിച്ചു ദേഹി യാത്രയായി..
സരോയുടെ യാത്ര.. അവസാന യാത്ര....
തിരിച്ചു വീട്ടിലെത്തിയ എനിക്ക് കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്ന മാമിയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നു... ഒരു അമ്മയെ നോക്കുന്നത് പോലെ തന്നെ തന്റെ അമ്മായി അമ്മയെ നോക്കിയ മാമി..
"ഇനി ആരുണ്ട് എനിക്ക് കൂട്ടിന്" എന്ന ചോദ്യത്തിന് ഒരുത്തരം നൽകാൻ കഴിയാതെ ഞാൻ പോയി...
അതെ.. പട്ടാളക്കാരന്റെ ഭാര്യ.. ജീവിതത്തിലും ആദർശത്തിലും ആ കാർക്കശ്യവും, ചിട്ടയും കാണിച്ചിരുന്നു.. സ്നേഹത്തിന്റെ വറ്റാത്ത ഉറവ, എന്നാൽ ചെറിയ കാര്യങ്ങൾക്ക് പോലും പിണങ്ങുകയും ചെയ്യുമായിരുന്നു എന്റെ സരോ.. എന്റെ ജീവിതത്തിലെനിക്ക് കിട്ടിയ ഏറ്റവും വലിയ വരമായിരുന്നു സരോ.. എന്റെ അമ്മൂമ്മ...



No comments:
Post a Comment