ആദ്യമായി കണ്ണു തുറന്നു എണീറ്റത് പോലെയൊരു തോന്നലായിരുന്നു അവൾക്ക്... അവളുടെ ചുറ്റിലും നീല വെളിച്ചത്തിന്റെ ആവരണം... നീല നിറത്തിലുള്ള ഒരു നൂലിനാൽ അവളുടെ ആ ശരീരത്തെ എന്തിനോടോ ബന്ധപ്പെടുത്തിയിരിക്കുന്നത് പോലെ... ചുറ്റിലും ഒരുപാട് നീല വെട്ടം പ്രകാശിക്കുന്ന ആളുകൾ.. അതിലൊന്ന് അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു... അവൾ സൂക്ഷിച്ചു നോക്കിയപ്പോൾ പരിചയമുള്ള മുഖം... വർഷങ്ങൾക്കു മുൻപ് മരണത്തോട് പൊരുതി മരിച്ച തന്റെ പ്രിയ സുഹൃത്തിന്റെ മുഖം...
അവൾ തെല്ലൊരു ഞെട്ടലോടെ ചോദിച്ചു, "നീയെന്താ ഇവിടെ?"
അവൻ: എല്ലാവരെയും ഒന്ന് കാണാനിറങ്ങിയതാണ്. അച്ഛനെ കണ്ടു, അമ്മയെ കണ്ടു, മക്കളെ കണ്ടു, സഹോദരങ്ങളെ കണ്ടു, സുഹൃത്തുക്കളെ കണ്ടു അവരോടൊക്കെ സംസാരിച്ചു. എല്ലാവരും സുഖമായിരിക്കുന്നു. നിന്നെയും കൂടി കണ്ടാൽ എനിക്കിനി യാത്രയാവാം. പക്ഷേ നിന്നെ കാണാതെ പോവേണ്ടി വരുമോ എന്നെനിക്കൊരു ആശങ്ക ഉണ്ടായിരുന്നു..
അവൾ: അതെന്തെ?
അവൻ: ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും നമ്മൾ കണ്ടിട്ടില്ല.. നമ്മൾ അറിഞ്ഞതും മനസ്സിലാക്കിയതും മുഴുവൻ എഴുത്തുകളിലൂടെയല്ലേ? കണ്ടിട്ടില്ലാത്ത നിന്നോട് ഞാൻ എങ്ങനെ വന്നു മിണ്ടും?
അവൾ: പക്ഷേ, ഇപ്പോൾ മിണ്ടുന്നതോ?
അവൻ: നീയെന്നെ കണ്ടെത്തി എന്നോട് മിണ്ടിയപ്പോഴല്ലേ എനിക്കും മിണ്ടാൻ സാധിച്ചത്..
അവൾ: ഉം... വേദനയുണ്ടോ?
അവൻ: ഞാൻ വേദനയ്ക്കതീതനാണ്...
അവൾ: വിഷമമുണ്ടോ?
അവൻ: ലൗകിക ജീവിതത്തിന്റെ നഷ്ടബോധത്തിൽ എനിക്ക് വിഷമമില്ല. എന്നാൽ നിന്നെ ഓർത്ത് എനിക്ക് വിഷമമുണ്ട്.. അതിശൈത്യമേറിയ ഈ പ്രകാശ രൂപത്തിലും നിന്റെ തീരുമാനത്തിന്റെ ചൂട് എന്നെ പൊള്ളിക്കുന്നുണ്ട്...
അവൾ: എന്റെ തീരുമാനമോ??
അവൻ: നീ എഴുതില്ല എന്ന തീരുമാനം!
അവൾ: അത്... നീയില്ലാതെ എങ്ങനെ? നീയായിരുന്നില്ലേ എന്റെ തൂലികയ്ക്ക് മഷിയായി മാറിയത്? നീയല്ലേ എന്റെ എഴുത്തിന് ജീവൻ നൽകിയത്! നീയല്ലേ എന്നെ ഒരു കഥാകാരിയാക്കിയത്! നിന്നൊടുളള എന്റെ എഴുത്തുകൾ അല്ലെ എന്നെ വളർത്തിയത്.. നീയായിരുന്നില്ലേ എന്റെ ശക്തി? ആ നീയില്ലാതെ ഞാനെങ്ങനെ??? നിനക്ക് തോന്നുന്നുണ്ടോ എന്റെ ചിന്തകൾക്ക് തലച്ചോറിൽ നിന്ന് കൈകളിലൂടെ കടലാസ്സിലേക്കു പടരാൻ പറ്റുമെന്ന്?? എല്ലാം നീയെന്നെ വിട്ടു പോയത് കൊണ്ടല്ലേ??
അവൻ: (ചിരിച്ചു കൊണ്ട്) നിന്റെ എഴുത്തുകൾ ഈ ലോകത്തിന് പ്രിയപ്പെട്ടവയാണ്.. എന്റെ കർമ്മഭാണ്ഡത്തിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു നിന്റെ എഴുത്തിനെ ലോകത്തിലേക്കെത്തിക്കുക എന്നുള്ളത്.. വീണു പോയേക്കാവുന്ന ഒരുപാട് ജീവിതങ്ങൾക്ക് താങ്ങാവാൻ നിന്റെ വാക്കുകൾക്ക് കഴിയും.. പ്രതീക്ഷ നഷ്ടപ്പെട്ടുലയുന്ന ഒരുപിടി ജന്മങ്ങൾക്ക് സാന്ത്വനമാവാൻ നിന്റെ അക്ഷരങ്ങൾക്ക് സാധിക്കും.. നിന്നിലെ എഴുത്ത് അത് ലോക നന്മയ്ക്കായി ഉപകാരപ്രദമായെങ്കിൽ മാത്രമേ ആ സർഗ്ഗ കഴിവ് കൊണ്ടു ഗുണമുള്ളൂ... വാക്കുകളും ചിന്തകളുമൊന്നും നിന്നിലെക്കൊളിപ്പിക്കാതെ അതിനെ സ്വതന്ത്രമായി വിഹായസ്സിൽ പാറിപ്പറക്കാൻ അനുവദിക്കണം.. ചിറകറ്റ് വീണു പോയ ഒരുപാട് പക്ഷികൾക്ക് ഉയിർത്തെഴുന്നേൽപിന്റെ അഗ്നിച്ചിറക് സമ്മാനിക്കാൻ അതിന് ചിലപ്പോൾ സാധിച്ചേക്കും...
അവൾ: പക്ഷേ, എനിക്കത് സാധിക്കുമോ??
അവൻ: നിനക്കത് സാധിക്കും... അക്ഷരലോകത്തിന്റെ വറ്റാത്ത ഉറവിടമാണ് നീ... സ്രോതസ്സ് ലോകത്തിന് ഉപയോഗപ്രദമായില്ലെങ്കിൽ പിന്നെ അതുകൊണ്ടെന്തു ഗുണം???
അവൾ: ഉം..
അവൻ: സഖി, മടങ്ങുന്നു.. ഇനിയൊരു തിരിച്ചു വരവുണ്ടാവാൻ സാധ്യതയില്ല... ആശയങ്ങളിലൂടെ വീണ്ടും നമുക്ക് കണ്ടുമുട്ടാം.. പോവുന്നു....
പെട്ടെന്ന് ഒരു ഞെട്ടലോടെ അവൾ കണ്ണു തുറന്നു!
സ്വപ്നം! താൻ കണ്ടത് സ്വപ്നമായിരുന്നോ?????അപ്പോൾ അവൻ എന്നെ കാണാൻ വന്നതല്ലേ??
എന്തായിരുന്നു എനിക്ക് ചുറ്റുമുള്ള നീല വെളിച്ചം?
അവൻ മരിച്ചത് മുതൽ ഞാൻ എഴുത്ത് നിർത്തിയതാണല്ലോ.. അവനത് വിഷമമുണ്ടാക്കുന്നുണ്ടോ?? പക്ഷേ, എന്തിന്?????
എഴുതുക എന്നുള്ളത് എന്റെ സ്വകാര്യ അവകാശമല്ലേ??
കിതച്ചു കൊണ്ടു ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിലൂടെ കടന്നു പോയി...
ടേബിൾ ലാമ്പിന്റെ സ്വിച്ച് ഓൺ ചെയ്തു റൂമിലെ ക്ലോക്കിൽ സമയം നോക്കി: 3.30..
ദാഹം! വല്ലാത്ത ദാഹം! മേശപ്പുറത്ത് വച്ചിരുന്ന കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചപ്പോഴാണ് അവളൊരു കാര്യം ശ്രദ്ധിച്ചത്!
ഒരു വർഷത്തോളമായി അവൾ തൊടാത്ത അവളുടെ പ്രിയപ്പെട്ട പേനയും അവൻ പണ്ട് അയച്ചു തന്ന ഡയറിയും മേശപ്പുറത്തിരുന്നു അവളെ നോക്കി ചിരിക്കുന്നത് പോലെ..
അവൾ ആ പേനയെടുത്തു നോക്കി... മെല്ലെയൊന്നു ചിരിച്ചു... പിന്നെ ഡയറി തുറന്ന അവൾ കുറച്ചു നേരം അതിലേക്ക് നോക്കി നിന്ന്...
വീണ്ടും... അതിലെന്തോ കുത്തിക്കുറിച്ചു കൊണ്ടു വീണ്ടും അക്ഷരലോകത്തിലേക്ക് അവൾ നടന്നു കയറി...... ആ യാത്ര തുടരട്ടെ......
No comments:
Post a Comment