Monday, 13 January 2025

സ്നേഹമുള്ള പനി

 സമയം രാത്രി 9 മണി.


മൊബൈൽ ഫോണിന്റെ നീലവെളിച്ചം തെളിയിച്ചു കൊണ്ട് ഒരു കോൾ വരുന്നു. 


ഉറങ്ങിക്കിടന്ന ഞാൻ പുതപ്പ് മാറ്റി ഫോൺ നോക്കുമ്പോൾ ഭാര്യയുടെ കോൾ. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ വാങ്ങിയ കസവ് സാരിയുടുത്തു നിൽക്കുന്ന മനോഹര ചിത്രമാണ് ഡിസ്പ്ലേയിൽ തെളിഞ്ഞു വന്നത്.  


ഞാൻ: "ഹലോ അമ്മു."


അങ്ങേ തലയ്ക്കൽ: (നിശബ്ദമായ ഒരു ചെറിയ ഇടവേളക്ക് ശേഷം) ചേട്ടാ..


ഞാൻ: എന്തേ 


ഭാര്യ: എന്നെയങ്ങനെ വിളിച്ചിട്ട് ഒരുപാടായല്ലോ. കേട്ടപ്പോൾ ഒരു വല്ലാത്ത feeling പോലെ. 


ഞാൻ: കണ്ണില്ലാതെയാവുമ്പോഴേ അതിന്റെ വില മനസ്സിലാവുകയുള്ളു. അപ്പോൾ കാഴ്ച്ച തിരിച്ചു കിട്ടുമ്പോൾ അതിനെ പൊന്നു പോലെ നോക്കണം...


അമ്മു: ആഹാ. ഹെവി ആണല്ലോ. അപ്പോൾ ഉറക്കത്തിലായിരുന്നോ അതോ വല്ല ബുക്കും വായിച്ചിരിക്കുകയായിരുന്നോ?


ഞാൻ: നിദ്രാദേവിയുടെ ആലിംഗനത്തിൽ വീർപ്പുമുട്ടി ഉറങ്ങുകയായിരുന്നു...


അമ്മു:ഓ പാവം, പനി കുറഞ്ഞപ്പോൾ വട്ടായോ?


ഞാൻ: ലേശം. സ്നേഹമെന്ന വട്ട് ഇപ്പോൾ എനിക്ക് നിന്നോട് വീണ്ടും കൂടിയിട്ടുണ്ട്.


അമ്മു: ഓ ക്രിഞ്ച് ക്രിഞ്ച്.. അല്ല കെട്ടിയോനെ, ഇവിടെ പണിയൊക്കെ ഇപ്പോൾ കഴിഞ്ഞേയുള്ളൂ. മാളുവിന്റെ exam നാളെ തുടങ്ങുകയാണ്. 


ഞാൻ: അവള് പാസ്സാവോ?


അമ്മു: കയ്യാലപ്പുറത്തെ തേങ്ങ പോലെയാ. 


ഞാൻ: ആഹ് അഞ്ചിലല്ലേ. അത്രയൊക്കെ പഠിച്ചാൽ മതി.


അമ്മു: ഉവ്വ്. 

അതെ! ചേട്ടന് പനിയെങ്ങനെയുണ്ട്? മരുന്ന് കഴിച്ചോ?


ഞാൻ: പനി കുറവുണ്ട്. ഇപ്പോൾ വിയർത്തു. നാളെ ഓഫീസിൽ പോവാൻ പറ്റും. നാളെയും പോയില്ലേൽ ആ അറബി അൽ പണി അൽ പറഞ്ഞു വിടും...


അമ്മു: ഉഫ്ഫ്... ഇച്ചിരി ചളി ബാക്കി വച്ചേക്കണേ.. വീട് പണിയുമ്പോൾ എടുക്കാം.


ഞാൻ: ബുഹഹഹ.


അമ്മു: ഉം ചേട്ടാ. ചേട്ടൻ okay അല്ലേ?


ഞാൻ: ആഹ് ഡീ..


അമ്മു: എന്നാൽ ഞാൻ വച്ചേക്കട്ടെ? ഉറങ്ങണം വല്ലാണ്ട് തലവേദനിക്കുന്നുണ്ട്..


ഞാൻ: okay ഡീ. മരുന്ന് കഴിച്ചിട്ട് ഉറങ്ങിക്കോ. എന്തേലുമുണ്ടെങ്കിൽ വിളിക്ക്.


അമ്മു: Good night ചേട്ടാ


ഞാൻ: Good night അമ്മു.


ഫോൺ കട്ട്‌ ചെയ്തു വീണ്ടും പുതപ്പിനടിയിലേക്ക് വലിയുമ്പോൾ കണ്ണുകളിൽ ചെറിയൊരു നനവ് പടർന്നിരുന്നു. 


------------------------------------------

കഴിഞ്ഞ മൂന്ന് ദിവസമായി പൊള്ളുന്ന പനിയായിരുന്നു. നാട്ടിൽ നിന്ന് ഭാര്യ വിളിക്കുമ്പോഴൊക്കെ തിരക്കിലാണ്, മീറ്റിങ്ങിലാണ് എന്ന് പറഞ്ഞ് കോൾ കട്ട്‌ ചെയ്തിട്ട് ഓൺലൈനിൽ ആരോടൊക്കെയോ സംസാരിക്കുകയും അവർക്ക് വേണ്ട ഉപദേശങ്ങൾ നൽകുകയും അവരുടെ ഏറ്റവും അടുത്ത സുഹൃത്തായി ജീവിക്കുകയും ചെയ്ത ഒരു മാതൃക പുരുഷനായിരുന്നു ഞാൻ. 


"എന്തിനും ഏതിനും കൂടെയുണ്ട്", "എന്റെ ജീവിതത്തിലെ ഏറ്റവും important ആയ ആളാണ് നീ", "നീ കഴിഞ്ഞേ വേറെയാറുമുള്ളൂ" എന്നൊക്കെ ഇൻസ്റ്റയിലും എഫ് ബിയിലുമൊക്കെ പോസ്റ്റും സ്റ്റാറ്റസും ഇട്ടവരായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നു നാളുകളിൽ പൊള്ളുന്ന പനിയായിരുന്നിട്ടും ഒരാള് പോലും ഒന്ന് വിളിച്ചന്വേഷിച്ചില്ല. വയ്യ എന്ന് പറഞ്ഞിട്ടും ആരും അന്വേഷിച്ചില്ല. ഒരു മെസ്സേജ് പോലും ആരും അയച്ചില്ല.


പക്ഷേ, അപ്പോഴും ഇവളുണ്ടായിരുന്നു കൂടെ. ആദ്യ ദിവസം രാവിലെയും ഉച്ചയ്ക്കും ഫോൺ വിളിച്ചപ്പോൾ ഉറങ്ങിക്കിടക്കുന്ന എന്നെ എന്തിനാ വിളിച്ചെണീപ്പിച്ചത് എന്ന് പറഞ്ഞാക്രോശിച്ചതും, രാത്രി വിളിച്ചിട്ട് മരുന്ന് കഴിക്കാൻ ഓർമ്മിപ്പിച്ചതും. അമ്പലത്തിൽ പോയി പൂജ ചെയ്തതും എല്ലാം ഇവൾ മാത്രം. ഇടയ്ക്കെപ്പോഴോ സ്നേഹിക്കാൻ ഞാൻ മറന്നു പോയ എന്റെ പെണ്ണ്...


പനി വന്നെങ്കിലും ഞാനിന്ന് ഈ പനിയോട് നന്ദി പറയുന്നു. നഷ്ടപ്പെട്ട എന്നെ എനിക്ക് തിരിച്ചു തന്നതിന്.. നഷ്ടപ്പെട്ട എന്റെ കാഴ്ച്ച എനിക്ക് തിരിച്ചു നൽകിയതിന്....


-------------------------------------------


അങ്ങ് നാട്ടിൽ കോൾ കട്ട്‌ ചെയ്ത് പോയവളുടെ കണ്ണും നിറഞ്ഞിരുന്നു... ചെറിയൊരു പുഞ്ചിരിയോടെ പനിക്ക് നന്ദി പറഞ്ഞു കൊണ്ട് അവളും കിടന്നു... 


-----------------------------------------


"Hi Baby, Where are you? I miss you a lot."


ഉറങ്ങാൻ കിടന്ന എനിക്ക് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വന്ന മെസ്സേജ്. 


"ഡീ വയ്യ. നീ നാളെ വരുമ്പോൾ ഇത്തിരി കഞ്ഞിയുണ്ടാക്കി കൊണ്ട് വരുമോ" എന്ന ചോദ്യത്തിന് അവൾ റിപ്ലൈ പോലും തന്നിട്ടില്ല. അവളുടെ miss you... ഇനി എനിക്ക് ഇൻസ്റ്റയും വേണ്ട ബേബിസും വേണ്ട..പോയി ഒരു good bye പറഞ്ഞു ഇൻസ്റ്റാഗ്രാമും ഡിലീറ്റ് ചെയ്തിട്ട് കിടന്നുറങ്ങട്ടെ. എങ്ങനേലും നാളെ അറബിയെ സോപ്പിട്ടു ലീവ് അപ്പ്രൂവലാക്കി നാട്ടിലേക്ക് പോണം...

അപ്പോൾ good night... sweet dreams.....


Sunday, 20 October 2024

പച്ചപ്പുല്ല്

ഊതി വിടുന്ന പുകച്ചുരുളുകൾക്ക് കാഠിന്യമേറുമ്പോൾ അവൻ അറിഞ്ഞു അവന്റെ ഉന്മാദത്തിൽ വിരിയുന്ന സ്വർഗ്ഗത്തെക്കുറിച്ച്.. ഒരു തുണ്ട് കടലാസിൽ ചുരുട്ടി വച്ച ആ പച്ചപ്പുല്ല് കത്തിച്ച് അതിന്റെ ലഹരിയവൻ വലിച്ചെടുക്കുമ്പോൾ ആ കരാളഹസ്തങ്ങളിൽ കിടന്നു പിടയുന്ന ഒരു പെണ്ണുണ്ടായിരുന്നു... 

അവന്റെ പെങ്ങൾ.....

അവളുടെ ഒരു പ്രതിരോധവും അവന്റെ കാമവെറിയുടെ മുന്നിൽ വിലപോയില്ല... പതിയെ അവൻ ഉറങ്ങി... ഒരേ ഗർഭപാത്രം പങ്കിട്ടവളുടെ ദേഹവും ദേഹിയും ഉടച്ചിട്ടവൻ ഉറങ്ങി...

രാവിലെ കണ്ണു തുറന്നു നോക്കുമ്പോൾ അവൻ കാണുന്നത് അവളെ.. തലേന്ന് പിച്ചിച്ചീന്തിയ വസ്ത്രവുമണിഞ്ഞു അവൻ കണ്ണു തുറക്കുന്നതിനായി കാത്തിരിക്കുന്ന അവളെ... അവൻ അതേ കണ്ടുള്ളൂ.. അപ്പോഴേക്കും അവൻ കണ്ണടച്ചു.. പിന്നെയവൻ കണ്ണു തുറന്നിട്ടില്ല.. ശവദാഹത്തിന്റെ മണം മാത്രം..

മണ്ണെണ്ണയിൽ മുങ്ങിയ അവന്റെ ശരീരത്തെ അവൾ കത്തിക്കുമ്പോൾ അവിടെ ചിരിക്കുന്ന ഒരു മുഖമേയുണ്ടായിരുന്നുള്ളൂ..

അഗ്നിക്കിരയാവാതെ അവശേഷിച്ച ആ തുണ്ട്‌ കടലാസിലെ ബാക്കിയുള്ള പച്ചപ്പുല്ല്... അത് മാത്രം അവന്റെ ആ മൃതദേഹത്തെ നോക്കി ചിരിച്ചു...



Friday, 15 September 2023

ചില സ്വപ്നങ്ങൾക്ക് പ്രത്യേകിച്ച് അർത്ഥമൊന്നുമുണ്ടാവില്ല. അതുകൊണ്ടാവാം സ്വപ്‌നം കാണുമ്പോൾ പശ്ചാത്തലങ്ങളും മുഖങ്ങളും മാറിമാറി വരുന്നത്. അപ്രതീക്ഷിതമായി ഇന്നലെ ഒരു സ്വപ്നം കണ്ടു. ഒരു നദിക്കരയിൽ ഇരിക്കുന്ന ഒരു പുരുഷനും സ്ത്രീയും. അവർ എന്തൊക്കെയോ സംസാരിക്കുന്നു. ചിരിക്കുന്നു കലഹിക്കുന്നു. 

പെട്ടെന്നവൾ അവൻ്റെ മടിയിൽ കിടന്നു ആ  മുഖത്ത് നോക്കി ഒരു ചെറിയ വിഷമത്തോടെ "എന്നാലും നീയെന്താ എന്നെ അന്വേഷിച്ചു വരാതിരുന്നത്?"

അവൻ: "നിന്നെ ഒരുപാടു തവണ ദൂരെ നിന്ന് കണ്ടെങ്കിലും, അടുത്തെത്തിയപ്പോഴൊക്കെ നീയെങ്ങനെയോ അപ്രത്യക്ഷമാവുന്നുണ്ടായിരുന്നു"

അവൾ: "എങ്കിലും ഒരിക്കൽ പോലും നിനക്കെന്നെ വിളിക്കാൻ തോന്നിയില്ലേ?"

അവൻ: "പറ്റിയില്ല.... "

അവൾ: "എൻ്റെ ശരീരമാകെ വിറയ്ക്കുന്നു. വല്ലാത്തൊരു മരവിപ്പ്. തണുപ്പിരച്ചു കയറുന്നു.. ശരീരമാകെ തളരുന്നത് പോലെ.. എന്താ അങ്ങനെ?"

അവൻ: "അതെന്താ അങ്ങനെ?"

അവൾ: "ജിതിൻ, എൻ്റെ ശരീരമാകെ തണുത്തു മരവിക്കുന്നു. നീയിവിടെ നിന്ന് പോവുമ്പോൾ എന്നെ അന്വേഷിക്കുക"

ഇങ്ങനെ പറഞ്ഞു അവൾ മാഞ്ഞു. 

അതുവരെ അവ്യക്തമായിരുന്ന ആ മുഖങ്ങൾക്ക് ഒരു വ്യക്തത വന്നു. ആ പുരുഷൻ ഞാനും, ആ സ്ത്രീ കഴിഞ്ഞ 10 വർഷത്തിലധികമായി മെസ്സേജുകളിലൂടെ മാത്രം പരിചയമുള്ള ഒരു സുഹൃത്തും.. 

ഉറക്കമുണർന്ന ഞാൻ കുറച്ചു നേരം ഇതും ആലോചിച്ചിരുന്നു. എന്താണെങ്കിലും മനസ്സിലേക്ക് ഓർമ്മ വന്നത് കൊണ്ട് പുള്ളിക്കാരിക്ക് ഒരു മെസ്സേജ് അയച്ചു.

ഞാൻ: "അഞ്ജു" (തത്കാലം അവളെ അഞ്ജു എന്ന് വിളിക്കാം)

അവൾ: "ഹലോ" 

ഞാൻ: സുഖമാണോ എന്ന് ചോദിക്കുന്നതിനു പകരം ഞാൻ ചോദിച്ചു "എങ്ങനെയുണ്ട് ഇപ്പോ?"

അവൾ: "ഭേദമായി വരുന്നു.."

ഞാൻ: ചെറിയൊരു അന്ധാളിപ്പോടെ "നല്ലത്"

അവൾ: "പക്ഷേ നീയെങ്ങനെ അറിഞ്ഞു?"

ഞാൻ: "ഞാനൊന്നും അറിഞ്ഞില്ല. ഇങ്ങനെയൊരു സ്വപ്നം കണ്ടു. കണ്ടപ്പോൾ നിനക്കൊരു മെസ്സേജ് അയച്ചു. അതവിടെ നിൽക്കട്ടെ. നിനക്കെന്താ പറ്റിയത് ?"

അവൾ: "ഞാൻ രണ്ട് മാസമായി നടുവേദന മൂലം കിടപ്പിലായിരുന്നു. ഇപ്പോൾ ഒന്ന് ഭേദമായി വരുന്നതേയുള്ളു. പക്ഷേ നീയെങ്ങനെ ഇത് സ്വപ്നത്തിൽ കണ്ടു? അതും ഒരു തലങ്ങും വിലങ്ങും ഇല്ലാത്ത സ്വപ്നം."

ഇടയ്ക്ക് ഓണാശംസകൾ അറിയിച്ചിരുന്നു എന്നല്ലാതെ 2-3 മാസമായി ഒരു മെസ്സേജ് പോലും പരസ്പരം അയച്ചിട്ടില്ലാത്തതു കൊണ്ടും ഇന്നു വരെ ഒരു വീഡിയോ കോളിൽ പോലും പരസ്പരം കണ്ടിട്ടില്ലാത്തത് കൊണ്ടും ഇങ്ങനെയൊരു സ്വപ്നം കണ്ടത് എനിക്കും അവൾക്കും വിശ്വസിക്കാവുന്നതിലുമപ്പുറമായിരുന്നു. ഒരു ചെറിയ ഞെട്ടലായിരുന്നു അവളുടെ കാര്യങ്ങൾ കേട്ടപ്പോൾ തോന്നിയത്. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചു കൊണ്ട് ഞാൻ ആ സംസാരം നിർത്തി.

ഈ സംഭവം ഞാനെഴുതുമ്പോഴും ഒരു വല്ലാത്ത അവസ്ഥയിലാണ് ഞാൻ. 

ശരിയാണ്, പല സ്വപ്നങ്ങൾക്കും അർത്ഥമുണ്ടാവാറില്ല. എന്നാൽ പലതിനും ചിലപ്പോൾ ചില യാഥാർഥ്യങ്ങൾ പറയാനുണ്ടാവും..

ഹോ! ഓരോരുത്തർ കാണുന്ന സ്വപ്‌നങ്ങളിൽ വരുന്നത് നയൻതാരയും തൃഷയും. പക്ഷേ ഞാനൊക്കെ എന്താണാവോ ഇങ്ങനെയോരോന്നും കാണുന്നത് എന്നാലോചിച്ചു നെടുവീർപ്പിടാനേ ഇപ്പൊ കഴിയൂ.