സമയം രാത്രി 9 മണി.
മൊബൈൽ ഫോണിന്റെ നീലവെളിച്ചം തെളിയിച്ചു കൊണ്ട് ഒരു കോൾ വരുന്നു.
ഉറങ്ങിക്കിടന്ന ഞാൻ പുതപ്പ് മാറ്റി ഫോൺ നോക്കുമ്പോൾ ഭാര്യയുടെ കോൾ. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ വാങ്ങിയ കസവ് സാരിയുടുത്തു നിൽക്കുന്ന മനോഹര ചിത്രമാണ് ഡിസ്പ്ലേയിൽ തെളിഞ്ഞു വന്നത്.
ഞാൻ: "ഹലോ അമ്മു."
അങ്ങേ തലയ്ക്കൽ: (നിശബ്ദമായ ഒരു ചെറിയ ഇടവേളക്ക് ശേഷം) ചേട്ടാ..
ഞാൻ: എന്തേ
ഭാര്യ: എന്നെയങ്ങനെ വിളിച്ചിട്ട് ഒരുപാടായല്ലോ. കേട്ടപ്പോൾ ഒരു വല്ലാത്ത feeling പോലെ.
ഞാൻ: കണ്ണില്ലാതെയാവുമ്പോഴേ അതിന്റെ വില മനസ്സിലാവുകയുള്ളു. അപ്പോൾ കാഴ്ച്ച തിരിച്ചു കിട്ടുമ്പോൾ അതിനെ പൊന്നു പോലെ നോക്കണം...
അമ്മു: ആഹാ. ഹെവി ആണല്ലോ. അപ്പോൾ ഉറക്കത്തിലായിരുന്നോ അതോ വല്ല ബുക്കും വായിച്ചിരിക്കുകയായിരുന്നോ?
ഞാൻ: നിദ്രാദേവിയുടെ ആലിംഗനത്തിൽ വീർപ്പുമുട്ടി ഉറങ്ങുകയായിരുന്നു...
അമ്മു:ഓ പാവം, പനി കുറഞ്ഞപ്പോൾ വട്ടായോ?
ഞാൻ: ലേശം. സ്നേഹമെന്ന വട്ട് ഇപ്പോൾ എനിക്ക് നിന്നോട് വീണ്ടും കൂടിയിട്ടുണ്ട്.
അമ്മു: ഓ ക്രിഞ്ച് ക്രിഞ്ച്.. അല്ല കെട്ടിയോനെ, ഇവിടെ പണിയൊക്കെ ഇപ്പോൾ കഴിഞ്ഞേയുള്ളൂ. മാളുവിന്റെ exam നാളെ തുടങ്ങുകയാണ്.
ഞാൻ: അവള് പാസ്സാവോ?
അമ്മു: കയ്യാലപ്പുറത്തെ തേങ്ങ പോലെയാ.
ഞാൻ: ആഹ് അഞ്ചിലല്ലേ. അത്രയൊക്കെ പഠിച്ചാൽ മതി.
അമ്മു: ഉവ്വ്.
അതെ! ചേട്ടന് പനിയെങ്ങനെയുണ്ട്? മരുന്ന് കഴിച്ചോ?
ഞാൻ: പനി കുറവുണ്ട്. ഇപ്പോൾ വിയർത്തു. നാളെ ഓഫീസിൽ പോവാൻ പറ്റും. നാളെയും പോയില്ലേൽ ആ അറബി അൽ പണി അൽ പറഞ്ഞു വിടും...
അമ്മു: ഉഫ്ഫ്... ഇച്ചിരി ചളി ബാക്കി വച്ചേക്കണേ.. വീട് പണിയുമ്പോൾ എടുക്കാം.
ഞാൻ: ബുഹഹഹ.
അമ്മു: ഉം ചേട്ടാ. ചേട്ടൻ okay അല്ലേ?
ഞാൻ: ആഹ് ഡീ..
അമ്മു: എന്നാൽ ഞാൻ വച്ചേക്കട്ടെ? ഉറങ്ങണം വല്ലാണ്ട് തലവേദനിക്കുന്നുണ്ട്..
ഞാൻ: okay ഡീ. മരുന്ന് കഴിച്ചിട്ട് ഉറങ്ങിക്കോ. എന്തേലുമുണ്ടെങ്കിൽ വിളിക്ക്.
അമ്മു: Good night ചേട്ടാ
ഞാൻ: Good night അമ്മു.
ഫോൺ കട്ട് ചെയ്തു വീണ്ടും പുതപ്പിനടിയിലേക്ക് വലിയുമ്പോൾ കണ്ണുകളിൽ ചെറിയൊരു നനവ് പടർന്നിരുന്നു.
------------------------------------------
കഴിഞ്ഞ മൂന്ന് ദിവസമായി പൊള്ളുന്ന പനിയായിരുന്നു. നാട്ടിൽ നിന്ന് ഭാര്യ വിളിക്കുമ്പോഴൊക്കെ തിരക്കിലാണ്, മീറ്റിങ്ങിലാണ് എന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തിട്ട് ഓൺലൈനിൽ ആരോടൊക്കെയോ സംസാരിക്കുകയും അവർക്ക് വേണ്ട ഉപദേശങ്ങൾ നൽകുകയും അവരുടെ ഏറ്റവും അടുത്ത സുഹൃത്തായി ജീവിക്കുകയും ചെയ്ത ഒരു മാതൃക പുരുഷനായിരുന്നു ഞാൻ.
"എന്തിനും ഏതിനും കൂടെയുണ്ട്", "എന്റെ ജീവിതത്തിലെ ഏറ്റവും important ആയ ആളാണ് നീ", "നീ കഴിഞ്ഞേ വേറെയാറുമുള്ളൂ" എന്നൊക്കെ ഇൻസ്റ്റയിലും എഫ് ബിയിലുമൊക്കെ പോസ്റ്റും സ്റ്റാറ്റസും ഇട്ടവരായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നു നാളുകളിൽ പൊള്ളുന്ന പനിയായിരുന്നിട്ടും ഒരാള് പോലും ഒന്ന് വിളിച്ചന്വേഷിച്ചില്ല. വയ്യ എന്ന് പറഞ്ഞിട്ടും ആരും അന്വേഷിച്ചില്ല. ഒരു മെസ്സേജ് പോലും ആരും അയച്ചില്ല.
പക്ഷേ, അപ്പോഴും ഇവളുണ്ടായിരുന്നു കൂടെ. ആദ്യ ദിവസം രാവിലെയും ഉച്ചയ്ക്കും ഫോൺ വിളിച്ചപ്പോൾ ഉറങ്ങിക്കിടക്കുന്ന എന്നെ എന്തിനാ വിളിച്ചെണീപ്പിച്ചത് എന്ന് പറഞ്ഞാക്രോശിച്ചതും, രാത്രി വിളിച്ചിട്ട് മരുന്ന് കഴിക്കാൻ ഓർമ്മിപ്പിച്ചതും. അമ്പലത്തിൽ പോയി പൂജ ചെയ്തതും എല്ലാം ഇവൾ മാത്രം. ഇടയ്ക്കെപ്പോഴോ സ്നേഹിക്കാൻ ഞാൻ മറന്നു പോയ എന്റെ പെണ്ണ്...
പനി വന്നെങ്കിലും ഞാനിന്ന് ഈ പനിയോട് നന്ദി പറയുന്നു. നഷ്ടപ്പെട്ട എന്നെ എനിക്ക് തിരിച്ചു തന്നതിന്.. നഷ്ടപ്പെട്ട എന്റെ കാഴ്ച്ച എനിക്ക് തിരിച്ചു നൽകിയതിന്....
-------------------------------------------
അങ്ങ് നാട്ടിൽ കോൾ കട്ട് ചെയ്ത് പോയവളുടെ കണ്ണും നിറഞ്ഞിരുന്നു... ചെറിയൊരു പുഞ്ചിരിയോടെ പനിക്ക് നന്ദി പറഞ്ഞു കൊണ്ട് അവളും കിടന്നു...
-----------------------------------------
"Hi Baby, Where are you? I miss you a lot."
ഉറങ്ങാൻ കിടന്ന എനിക്ക് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വന്ന മെസ്സേജ്.
"ഡീ വയ്യ. നീ നാളെ വരുമ്പോൾ ഇത്തിരി കഞ്ഞിയുണ്ടാക്കി കൊണ്ട് വരുമോ" എന്ന ചോദ്യത്തിന് അവൾ റിപ്ലൈ പോലും തന്നിട്ടില്ല. അവളുടെ miss you... ഇനി എനിക്ക് ഇൻസ്റ്റയും വേണ്ട ബേബിസും വേണ്ട..പോയി ഒരു good bye പറഞ്ഞു ഇൻസ്റ്റാഗ്രാമും ഡിലീറ്റ് ചെയ്തിട്ട് കിടന്നുറങ്ങട്ടെ. എങ്ങനേലും നാളെ അറബിയെ സോപ്പിട്ടു ലീവ് അപ്പ്രൂവലാക്കി നാട്ടിലേക്ക് പോണം...
അപ്പോൾ good night... sweet dreams.....
No comments:
Post a Comment