ചില സ്വപ്നങ്ങൾക്ക് പ്രത്യേകിച്ച് അർത്ഥമൊന്നുമുണ്ടാവില്ല. അതുകൊണ്ടാവാം സ്വപ്‌നം കാണുമ്പോൾ പശ്ചാത്തലങ്ങളും മുഖങ്ങളും മാറിമാറി വരുന്നത്. അപ്രതീക്ഷിതമായി ഇന്നലെ ഒരു സ്വപ്നം കണ്ടു. ഒരു നദിക്കരയിൽ ഇരിക്കുന്ന ഒരു പുരുഷനും സ്ത്രീയും. അവർ എന്തൊക്കെയോ സംസാരിക്കുന്നു. ചിരിക്കുന്നു കലഹിക്കുന്നു.
പെട്ടെന്നവൾ അവൻ്റെ മടിയിൽ കിടന്നു ആ മുഖത്ത് നോക്കി ഒരു ചെറിയ വിഷമത്തോടെ "എന്നാലും നീയെന്താ എന്നെ അന്വേഷിച്ചു വരാതിരുന്നത്?"
അവൻ: "നിന്നെ ഒരുപാടു തവണ ദൂരെ നിന്ന് കണ്ടെങ്കിലും, അടുത്തെത്തിയപ്പോഴൊക്കെ നീയെങ്ങനെയോ അപ്രത്യക്ഷമാവുന്നുണ്ടായിരുന്നു"
അവൾ: "എങ്കിലും ഒരിക്കൽ പോലും നിനക്കെന്നെ വിളിക്കാൻ തോന്നിയില്ലേ?"
അവൻ: "പറ്റിയില്ല.... "
അവൾ: "എൻ്റെ ശരീരമാകെ വിറയ്ക്കുന്നു. വല്ലാത്തൊരു മരവിപ്പ്. തണുപ്പിരച്ചു കയറുന്നു.. ശരീരമാകെ തളരുന്നത് പോലെ.. എന്താ അങ്ങനെ?"
അവൻ: "അതെന്താ അങ്ങനെ?"
അവൾ: "ജിതിൻ, എൻ്റെ ശരീരമാകെ തണുത്തു മരവിക്കുന്നു. നീയിവിടെ നിന്ന് പോവുമ്പോൾ എന്നെ അന്വേഷിക്കുക"
ഇങ്ങനെ പറഞ്ഞു അവൾ മാഞ്ഞു.
അതുവരെ അവ്യക്തമായിരുന്ന ആ മുഖങ്ങൾക്ക് ഒരു വ്യക്തത വന്നു. ആ പുരുഷൻ ഞാനും, ആ സ്ത്രീ കഴിഞ്ഞ 10 വർഷത്തിലധികമായി മെസ്സേജുകളിലൂടെ മാത്രം പരിചയമുള്ള ഒരു സുഹൃത്തും..
ഉറക്കമുണർന്ന ഞാൻ കുറച്ചു നേരം ഇതും ആലോചിച്ചിരുന്നു. എന്താണെങ്കിലും മനസ്സിലേക്ക് ഓർമ്മ വന്നത് കൊണ്ട് പുള്ളിക്കാരിക്ക് ഒരു മെസ്സേജ് അയച്ചു.
ഞാൻ: "അഞ്ജു" (തത്കാലം അവളെ അഞ്ജു എന്ന് വിളിക്കാം)
അവൾ: "ഹലോ"
ഞാൻ: സുഖമാണോ എന്ന് ചോദിക്കുന്നതിനു പകരം ഞാൻ ചോദിച്ചു "എങ്ങനെയുണ്ട് ഇപ്പോ?"
അവൾ: "ഭേദമായി വരുന്നു.."
ഞാൻ: ചെറിയൊരു അന്ധാളിപ്പോടെ "നല്ലത്"
അവൾ: "പക്ഷേ നീയെങ്ങനെ അറിഞ്ഞു?"
ഞാൻ: "ഞാനൊന്നും അറിഞ്ഞില്ല. ഇങ്ങനെയൊരു സ്വപ്നം കണ്ടു. കണ്ടപ്പോൾ നിനക്കൊരു മെസ്സേജ് അയച്ചു. അതവിടെ നിൽക്കട്ടെ. നിനക്കെന്താ പറ്റിയത് ?"
അവൾ: "ഞാൻ രണ്ട് മാസമായി നടുവേദന മൂലം കിടപ്പിലായിരുന്നു. ഇപ്പോൾ ഒന്ന് ഭേദമായി വരുന്നതേയുള്ളു. പക്ഷേ നീയെങ്ങനെ ഇത് സ്വപ്നത്തിൽ കണ്ടു? അതും ഒരു തലങ്ങും വിലങ്ങും ഇല്ലാത്ത സ്വപ്നം."
ഇടയ്ക്ക് ഓണാശംസകൾ അറിയിച്ചിരുന്നു എന്നല്ലാതെ 2-3 മാസമായി ഒരു മെസ്സേജ് പോലും പരസ്പരം അയച്ചിട്ടില്ലാത്തതു കൊണ്ടും ഇന്നു വരെ ഒരു വീഡിയോ കോളിൽ പോലും പരസ്പരം കണ്ടിട്ടില്ലാത്തത് കൊണ്ടും ഇങ്ങനെയൊരു സ്വപ്നം കണ്ടത് എനിക്കും അവൾക്കും വിശ്വസിക്കാവുന്നതിലുമപ്പുറമായിരുന്നു. ഒരു ചെറിയ ഞെട്ടലായിരുന്നു അവളുടെ കാര്യങ്ങൾ കേട്ടപ്പോൾ തോന്നിയത്. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചു കൊണ്ട് ഞാൻ ആ സംസാരം നിർത്തി.
ഈ സംഭവം ഞാനെഴുതുമ്പോഴും ഒരു വല്ലാത്ത അവസ്ഥയിലാണ് ഞാൻ.
ശരിയാണ്, പല സ്വപ്നങ്ങൾക്കും അർത്ഥമുണ്ടാവാറില്ല. എന്നാൽ പലതിനും ചിലപ്പോൾ ചില യാഥാർഥ്യങ്ങൾ പറയാനുണ്ടാവും..

No comments:
Post a Comment