Tuesday, 26 May 2020

എന്റെ സ്വർഗ്ഗം





ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ കാലം മിക്കപ്പോഴും നമ്മുടെ കുട്ടിക്കാലം തന്നെയായിരിക്കും... പ്രാരാബ്ധത്തിന്റെയും പട്ടിണിയുടെയും പീഢകളെ പലവിധ ക്രീഡകളിലൂടെ മാറ്റാൻ കഴിഞ്ഞിരുന്ന ആ കാലഘട്ടം തന്നെയായിരിക്കും നമ്മുടെ മനസ്സിലെന്നും നിറഞ്ഞു നിൽക്കുന്നത്..

കോട്ടയം ജില്ലയിലെ നീലൂർ എന്ന സ്ഥലമാണ് പ്രസ്തുത പടത്തിനാധാരം. എന്റെ സുഹൃത്തു ശ്രീമതി വിദ്യ ഈ പടമെനിക്കയച്ചു തരുമ്പോൾ ഇതിന്റെ കുളിർമയും പച്ചപ്പും സന്തോഷവും അറിയാതെയെങ്കിലും എന്നെ കൊണ്ടെത്തിച്ചത് ഞാൻ വളർന്ന കുലശേഖരം എന്ന സ്ഥലത്താണ്...

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ അതി സുന്ദരമായ കുലശേഖരം എന്ന സ്ഥലം.

അവിടെ കൈതപ്രം എന്നൊരു കുഞ്ഞു ഗ്രാമമുണ്ട്, മാമൂട് ജംഗ്ഷന് സമീപം. അവിടെയായിരുന്നു എന്റെ കുട്ടിക്കാലം.

1996 june 4നാണ് ഞങ്ങൾ കേരളം വിട്ടു തമിഴ്‌നാട്ടിലേക്ക് ചേക്കേറുന്നത്. അമ്മയ്ക്ക് അവിടേക്ക് സ്ഥലം മാറ്റം കിട്ടി പോയതാണ്.

തിരുവനന്തപുരത്തു നിന്നു വരുമ്പോൾ ആദ്യം കേരളാ തമിഴ്നാട് അതിർത്തിയായ പാറശ്ശാല, കളിയിക്കാവിള, കുഴിത്തുറ, വെറ്റുവെന്നി, മർത്താണ്ഡം അവിടെയെത്തും. അവിടെ നിന്ന് വലത്തോട്ടു തിരിഞ്ഞാൽ നാഗർകോവിൽ/കന്യാകുമാരി പോവുന്ന വഴിയാവും. നമുക്ക് ഇടത്തോട്ട് തിരിയാം. അതാണ് ഭൂമിയിലെ സ്വർഗ്ഗത്തിലേക്കുള്ള വഴി.

അവിടെ ആറ്റൂരിലെ ഒരു കുഞ്ഞു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതും, പുതിയ സ്കൂളിൽ അഡ്മിഷൻ ശരിയാക്കാൻ പോയപ്പോൾ ആ സ്കൂളിന്റെ മുഴുവൻ പേരും വായിച്ചു അന്ധാളിച്ചു നിന്നതും (Sree Rama Krishna Bala Vidhya Matriculation Higher Secondary School, Padanilam, Kulasekharam) എല്ലാം സുഖമുള്ള കുറേ ഓർമ്മകൾ..

തൃപ്പരപ്പ് വെള്ളച്ചാട്ടം, മാത്തൂർ തൊട്ടിപ്പാലം, പേച്ചിപ്പാറ ഡാം, ചിറ്റാർ ഡാം, തിരുമല, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാഗം, കൾക്കുളം, മേലങ്കോട്, തിരുവിടക്കോഡ്, തിരുവിതാം കോഡ്, തിരുപന്തി കോഡ്, തിരുനട്ടാലം തുടങ്ങിയ 12 ശിവാല്യങ്ങൾ, തിരുവട്ടാർ ആദി കേശവൻ ക്ഷേത്രം ( തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം), ഇതൊക്കെ അവിടെയുള്ള കുറച്ചു സ്ഥലങ്ങൾ മാത്രം.

എന്നാൽ ജീവിതത്തിന്റെ സൗന്ദര്യം ഞങ്ങൾ താമസിച്ച വീടായിരുന്നു..

"വിജയ മന്ദിരം"

വീട്ടിൽ വിജയൻ മാമൻ, ശോഭ ആന്റി, പിന്നെ അവരുടെ മകൻ, നിധീഷ് വിജയ് (കൈലാസ്). വിജയൻ മാമൻ ഒരു കർഷകനാണ്.. ഒരുപാട് ഭൂമിയൊക്കെയുള്ള കർഷകൻ.. അവരുടെ സാമ്രാജ്യമായിരുന്നു അത്..

എന്റെ അച്ഛനും അമ്മയും ബാങ്ക് ജീവനക്കാർ.. ഞങ്ങൾ 3 സഹോദരങ്ങൾ...എന്റെ ജ്യേഷ്ഠൻ, ഞാൻ, പിന്നെ എന്റെ അനിയൻ.. എന്റെ സംഘത്തിൽ ഞങ്ങൾ 3 പേരും പിന്നെ വീടിനടുത്തുള്ള ചന്തു എന്ന പ്രതീഷ്, സുജിത്, സുമിത്, വിഷ്ണു അങ്ങനെ കുറച്ചു പേരുണ്ട്.. ഞങ്ങളെല്ലാവരും ഒരു സ്കൂളിലുമാണ് പോയിരുന്നത്..

വീടിൻറെ മുന്നിൽ കഷ്ടിച്ച് രണ്ടു മീറ്റർ വീതിയുള്ള പൊട്ടിപ്പൊളിഞ്ഞ ടാർ ഇട്ട റോഡ് ഉണ്ട്.. അതിന്റെ ഒരു വശത്തു കൂടെ നല്ലൊരു തോടുണ്ട്... വാഴ കൃഷിയും, റബ്ബറും, തെങ്ങും അങ്ങനെ എല്ലാമുൾപ്പെടുന്ന കൃഷി സ്ഥലമാണ് തോടിനു ചുറ്റും.. തോട്ടിൽ പോയിട്ടുള്ള കുളിയും, വാഴകൾക്കിടയിലൂടെയുള്ള ഓട്ടവും, പറമ്പിലൂടെയുള്ള സൈക്കിൾ യാത്രയും, മുറ്റത്തെ ക്രിക്കറ്റ് കളിയും, പിന്നെ വീടിന്റെ മുകളിലെ പറമ്പിലുള്ള പേരറിയാത്ത ഒരുപാട് വലിയ വൃക്ഷങ്ങളെ ദിനോസർ ആയി കണ്ടു അവരെ വേട്ടയാടി ജീവിക്കുന്ന വേടന്മാരുടെ കളിയും -അതായിരുന്നു ഞങ്ങളുടെ എറ്റവും ഇഷ്ടപ്പെട്ട കളി അങ്ങനെ സുഖലോലുപമായ ജീവിതം...

ഒരുപാടൊരുപാട് ഓർമ്മകൾ ആ സ്ഥലവും വീടുമായിട്ടുണ്ട്.. എത്ര നിറം ചാലിച്ചതാണെങ്കിലും മനസ്സവിടെ പോയി വരുമ്പോൾ കണ്ണിന്റെ കോണിൽ 2 തുള്ളി കണ്ണീർ പൊടിയാൻ വെമ്പി നിൽക്കും...

കുട്ടിക്കാലത്തെ താരങ്ങളായ എന്റെ ജ്യേഷ്ഠനും, കൈലാസും, വിഷ്ണുവും ഇന്ന് മാനത്തെ താരങ്ങളുടെ കൂടെയാണെന്നോർക്കുമ്പോൾ മനസ്സു വെമ്പാതെ വേറെ മാർഗ്ഗമില്ലല്ലോ. May 1 എന്റെ ജ്യേഷ്ഠന്റെ പിറന്നാളായിരുന്നു, May18 കൈലാസിന്റെയും. ഈ ദിവസങ്ങളിലെ അസ്വസ്ഥത പെട്ടെന്ന് പ്രസ്തുത പടം കണ്ടപ്പോൾ മനസ്സിലേക്ക് വന്നു... കണ്ണ് ഈറനണിഞ്ഞെങ്കിലും മനോഹരമായ ആ സ്ഥലത്തേക്ക് വെറുതെ ഇന്നും മനസ്സിനെ പറത്തി വിട്ടു..

മഴ ആയതുകൊണ്ട് ആ തോട് കര കവിഞ്ഞൊഴുകുകയാണ്.. അതെ, ആ തോടാണ് എന്റെ സന്തോഷങ്ങൾക്കു ചുക്കാൻ പിടിച്ച എന്റെ സ്വർഗ്ഗം..

Wednesday, 6 May 2020

അവന്റെ കരച്ചിൽ

അവൾ കരഞ്ഞു, ലോകം കരഞ്ഞു...
അവൻ കരഞ്ഞു, ലോകം ചിരിച്ചു..
അവൻ കരയാൻ പാടില്ലത്രേ..
അവൻ പുരുഷൻ..
അവൻ പ്രബലൻ..
അവന്റെ കണ്ണിൽ കണ്ണീര് പാടില്ല..
നെഞ്ചിടിപ്പിന്റെ താളം തെറ്റിയാലും,
സ്നേഹിതർ വിട്ടു പിരിഞ്ഞാലും,
അവന് കരയാൻ അവകാശമില്ല..
അതൊരു കുറച്ചിലാണ്..
കോമാളിത്തരത്തിന്റെ കോപ്രായമാണ്,
ജീവിതമെന്ന പേക്കൂത്തിലൊരു -
പലനൂറു വട്ടം അവൻ കരയുമത്രേ.
നെഞ്ചു പൊട്ടിത്തകരുന്ന ഉച്ചത്തിൽ,
പൊട്ടി നിലവിളിച്ചു കരയുമത്രേ.
പക്ഷേ കൂട്ടാരും കേൾക്കില്ല
വീട്ടാരും കേൾക്കില്ല.
ഹൃദയം നുറുങ്ങുന്ന നിലവിളികൾ..
വീണ്ടും ചിരിച്ചു കളിച്ചു നടന്നു.
ആ പ്രബലൻ, കരയുന്ന ഹൃദയത്തിന്നുടയോൻ..